Kerala, News

കാസർകോഡ് മോഷണശ്രമത്തിനിടെ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

keralanews two arrested in the case of killing retired teacher in kasarkode

കാസർകോഡ്:ചീമേനിയിൽ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ പരിക്കേൽപ്പിക്കുകയും ചെയ്ത് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി.പുലിയന്നൂർ ചീർക്കുളം സ്വദേശികളായ വിശാഖ്,റിനീഷ് എന്നിവരാണ് പിടിയിലായത്.സംഭവത്തിലെ മുഖ്യ സൂത്രധാരൻ കൂടിയായ മൂന്നാമൻ അരുൺ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കൊലപാതകം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാൻ ഇന്ന് കാഞ്ഞങ്ങാട്ട് എത്തും. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

              കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ അച്ഛൻ നൽകിയ വിവരമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.ജാനകിയുടെ വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണവും 35000 രൂപയുമാണ് ഇവർ കവർന്നത്.ഇതിൽ എട്ടുപവൻ ഇവർ കണ്ണൂരിലെ  ഒരു പ്രമുഖ ജ്വല്ലറിയിലും ബാക്കി മംഗളൂരുവിലും വിറ്റു. മകന്റെ കയ്യിൽ കുറെ പണം കണ്ടതായി വൈശാഖിന്റെ അച്ഛൻ ചീമേനി പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നു.ഇതനുസരിച്ച് ചീമേനി എസ്‌ഐ എം.രാജഗോപാൽ വൈശാഖിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ സ്വർണ്ണം വിറ്റ ജ്വല്ലറിയുടെ ബില് കണ്ടെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിശാഖ് കുറ്റം സമ്മതിക്കുകയായിരുന്നു.

             ഡിസംബർ 13 നായിരുന്നു സംഭവം നടന്നത്.ജാനകിയുടെ വീടിനു സമീപത്തുള്ള ചീർക്കുളം അയ്യപ്പഭജനമഠത്തിൽ വിളക്കുത്സവം നടക്കുകയായിരുന്നു. അവിടെയെത്തിയ പ്രതികൾ മൂന്നുപേരും കൂടി രാത്രി ഒൻപതു മണിയോടെ ജാനകിയുടെ വീട്ടിലെത്തി.കോളിങ്  ബെൽ അടിച്ചപ്പോൾ കൃഷ്ണൻ വാതിൽ പാതി തുറന്നു.ഉടൻ തന്നെ പ്രതികൾ മൂന്നുപേരും കൂടി വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നു.രണ്ടുപേരുടെയും വായ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു.ശേഷം കൃഷ്ണനെ സോഫയിലേക്ക് തള്ളിയിട്ടു.ജാനകിയെ മറ്റൊരു മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി ദേഹത്തുണ്ടായിരുന്ന സ്വർണ്ണം ഊരി വാങ്ങി.ഇതിനിടെ ഇവരിൽ ഒരാളെ ജാനകി തിരിച്ചറിഞ്ഞു.ഇതോടെ ജാനകിയുടെ കഴുത്തറുക്കുകയായിരുന്നു.രക്തം വാർന്ന് കുഴഞ്ഞു വീണ ജാനകി അവിടെത്തന്നെ മരിച്ചു.പിന്നീട് സോഫയിൽ തളർന്നു കിടന്ന കൃഷ്ണന്റെയും കഴുത്ത് ഇവർ മുറിച്ചു.ഇതിനു  ശേഷം പുറത്തിറങ്ങിയ ഇവർ നടന്ന് പുലിയന്നൂർ റോഡിലെ കലുങ്കിനടുത്തെത്തി.സമീപത്തെ പുഴയിലേക്ക് കത്തിവലിച്ചെറിഞ്ഞ ശേഷം പുഴയിലിറങ്ങി കാലും മുഖവും കഴുകി വീട്ടിൽ പോയി കിടന്നുറങ്ങി. പിന്നീട് പ്രതികൾ മൂന്നുപേരും ഫോണിലോ പരസ്പരമോ ബന്ധപ്പെട്ടിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് മറ്റു നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവരെയും ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവർ പെരുമാറിയിരുന്നത്.പിന്നീട് കേസിൽ അന്വേഷണം ജാനകിയുടെ ബന്ധുക്കളിലേക്ക് തിരിഞ്ഞപ്പോൾ ഇവർ സന്തോഷിക്കുകയും ചെയ്തു. ഇതിനിടെ ഫെബ്രുവരി നാലിന് അരുൺ കുവൈറ്റിലേക്ക് കടന്നു.ഇതിനു ശേഷമാണ് മറ്റു രണ്ടു പ്രതികളും ചേർന്ന് രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വിറ്റത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Previous ArticleNext Article