കണ്ണൂർ:തളിപ്പറമ്പ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.തളിപ്പറമ്പ് സ്വദേശികളായ രാജേന്ദ്രന്‍, വത്സരാജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശന്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജസ്വര്‍ണം പണയം വച്ചവരെയും അടക്കം ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ചോദ്യംചെയ്യലില്‍ വ്യാജ സ്വര്‍ണം പണയം വെച്ചതില്‍ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. കേസിലാകെ 17 പ്രതികളാണുള്ളത്.