കണ്ണൂർ:റേഷൻ കടകളിൽ വിതരണത്തിനായി കൊണ്ടുവന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിലായി.തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണോത്തുംചാലിലെ സ്വകാര്യ ഗോഡൗണിൽ മണ്ണെണ്ണ വിൽക്കുന്നതിനിടെയാണ് അറസ്റ്റ്.മുഴപ്പാല സ്വദേശി ഇ.കെ സുധീർ,പള്ളിപ്രം സ്വദേശി കെ.രാജീവൻ എന്നിവരാണ് അറസ്റ്റിലായത്.മണ്ണെണ്ണ കൊണ്ടുവന്ന ടാങ്കർ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണിവർ.കണ്ണൂർ ടൌൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും തളിപ്പറമ്പിലേക്ക് കൊണ്ടുവരികയായിരുന്നു മണ്ണെണ്ണ.ഇതാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചത്.1200 ലിറ്റർ മണ്ണെണ്ണ നിറച്ച ടാങ്കർ ലോറിയും 200 ലിറ്ററിന്റെ ബാരലുകളുമാണ് പോലീസ് പിടികൂടിയത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളായി ഈ ഗോഡൗൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഗോഡൗണിന്റെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനാണെന്ന വ്യാജേനയാണ് മണ്ണെണ്ണക്കടത്തു നടത്തിയിരുന്നത്.ടാങ്കറിൽ നിന്നും ഇവിടുത്തെ ബാരലുകളിലേക്ക് മണ്ണെണ്ണ മാറ്റുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.ഇത് കരിഞ്ചന്തയിൽ ഇടനിലക്കാർ വഴി പുറത്ത് വിൽക്കുകയും ചെയ്യും.ഈ തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അവശ്യവസ്തു സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala, News
മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിൽ
Previous Articleഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ