Kerala, News

പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ വഴിത്തിരിവ്;ക്രൈം ബ്രാഞ്ച് അന്വേഷണം പുതിയ ദിശയിൽ

keralanews turning point in the death of expatriate businessman sajan crime branch investigation in new direction

കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിലുളള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമേയുളള കാരണങ്ങളുടെ സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സാജന്റെ അടുപ്പക്കാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ ബീന, പാര്‍ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സാജന്റെ പേരിലെടുത്തതും അടുത്ത ബന്ധു ഉപയോഗിക്കുന്നതുമായ സിം കാര്‍ഡിലേക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2000 ലേറെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദിശയില്‍ പോലീസ് അന്വേഷണം നീങ്ങുന്നത്. വിളികളെല്ലാം ഒരേ നമ്പറിൽ നിന്നാണു വന്നത്. ഇതു സാജനുമായി ഏറെ അടുപ്പമുള്ള ഒരാളുടെ നമ്പറാണ്.കോളുകള്‍ വന്ന സമയവും സംശയം ജനിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. ഫോണ്‍ വിളിച്ചയാളില്‍നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്.ഇത്തരം സംശയങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പാര്‍ഥാ ബില്‍ഡേഴ്‌സിലെ ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.സാജന്‍, കുടുംബാംഗങ്ങള്‍ , ജീവനക്കാര്‍ എന്നിവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Previous ArticleNext Article