Kerala, News

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവിൽ വരും

keralanews trolling ban will come into effect in the state from midnight tomorrow

കൊല്ലം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം നിലവിൽ വരും. 4200ല്‍ അധികം യന്ത്രവത്കൃത ബോട്ടുകള്‍ ഇനി 52 ദിവസത്തേക്ക് നിശ്ചലമാകും. പ്രധാന ഹാര്‍ബറുകളില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് കടലിലേക്കുള്ള പ്രവേശനം ചങ്ങല കൊണ്ട് തടയും. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. അയല്‍ സംസ്ഥാനത്തെ ബോട്ടുകള്‍ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിര്‍ദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് ജൂലൈ 31 വരെയുള്ള നിരോധനം.  ലോക്ക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധന കാലത്ത് സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ.അതുകൊണ്ടുതന്നെ സൗജന്യറേഷന്‍ മാത്രം പോരെന്നും ട്രോളിംഗ് നിരോധന കാലത്തേക്ക് പ്രത്യേക പാക്കേജ് വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മത്സ്യങ്ങളുടെ പ്രജനന കാലമായി പരിഗണിക്കുന്നതിനാല്‍ 52 ദിവസത്തേക്ക് ട്രോളിംഗ്‌ നിരോധനം ഒഴിവാക്കാനാവില്ല. അതേസമയം, ഇതില്‍ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.കഴിഞ്ഞ സീസണില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഇളവ് നല്‍കിയിരുന്നു. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രണ്ടാം ലോക്ക്ഡൗണ്‍ കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ആദ്യ ലോക്ക് ഡൗണിലും രണ്ടാം ലോക്ക് ഡൗണിലും മത്സ്യബന്ധനത്തിന് ഏറെ നാളത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. പിന്നീട് അനുമതി നല്‍കിയതാകട്ടെ കര്‍ശന നിയന്ത്രണങ്ങളോടെയും. ഏറെനാള്‍ ഹാര്‍ബറുകള്‍ അടച്ചിടുകയും ചെയ്തിരുന്നു.സര്‍ക്കാര്‍ സഹായത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ആദ്യഘട്ടം മത്സ്യത്തൊഴിലാളികള്‍ മറികടന്നത്.

Previous ArticleNext Article