തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാര്‍ഡുകളുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നിരട്ടി വർധന. ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുതുക്കിയതോടെയാണ് ഇത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം 266 ൽ നിന്നും 634 ആയാണ് വർദ്ധിച്ചിരിക്കുന്നത്.ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല.തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലേറെ പേര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഏർപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഇവിടെ പ്രാബല്യത്തില്‍ വരും. കോവിഡ് പ്രതിരോധത്തിന് വീടും ഓഫീസും ഉള്‍പ്പെടെ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പുതുക്കിയത്. തെരുവ്, മാര്‍ക്കറ്റ്, ഹാര്‍ബര്‍, മത്സ്യബന്ധന ഗ്രാമം, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്‌എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍വചനത്തില്‍ വരും.മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ഒരാഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സോണുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തും. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ ആഴ്ചയിലെയും കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ പട്ടിക ലഭ്യമാക്കും.