Kerala

സമ്പർക്ക വ്യാപനം രൂക്ഷം;തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

keralanews triple lockdown extended for another week in thiruvananthapuram

തിരുവനന്തപുരം : സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. തിരുവനന്തപുരം നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി.പുതിയ 129 കോവിഡ് കേസുകളില്‍ 122 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചവയാണ്.പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍ ഉണ്ടായി.ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നഗരത്തില്‍ അഞ്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ചാകും ഇനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ശ്വാസകോശ രോഗികള്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തും. പാലിയേറ്റീവ് രോഗികള്‍ക്ക് പരിരക്ഷ എന്ന പേരില്‍ റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കും.അതേസമയം ബഫര്‍ സോണായി പ്രഖ്യാപിച്ച വള്ളക്കടവ്, മുട്ടത്തറ, വലിയതുറ വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 5 മണി വരെ പ്രവര്‍ത്തിക്കാം. നാടന്‍ വള്ളങ്ങള്‍ ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്താം. കൂടുതലായി ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ ന്യായവില മൊബൈല്‍ യൂണിറ്റുകളും മൊബൈല്‍ എടിഎമ്മുകളും പ്രവര്‍ത്തിക്കും. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് താത്കാലിക കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Previous ArticleNext Article