ഇരിട്ടി:കോവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്ന് ഇരിട്ടി ടൗണിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച 38കാരനില്‍ നിന്നും സമ്പർക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പർക്കത്തിലൂടെയല്ല രോഗബാധയുണ്ടായതെന്ന് എന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പർക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്.നഗരസഭാ ചെര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂര്‍ണമായും അടച്ചിട്ടു. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ കീഴൂരില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂര്‍ കഴിഞ്ഞാല്‍ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകള്‍ നിര്‍ത്താന്‍ പാടുള്ളു. പേരാവൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പയഞ്ചേരി എസ് ബി ഐയ്ക്ക് സമീപം മാത്രമാണ് സ്റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കല്‍, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം താല്‍ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും.ടൗണിലെ മുഴുവന്‍ ബാങ്കുകളും അടച്ചിടും.നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കൂ. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ രണ്ട് മണിവരെ മാത്രമെ തുറക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതല്‍ പത്ത് വരെ രണ്ട് മണിക്കൂര്‍ മാത്രം തുറക്കാം. നഗരസഭ ഹോം ഡെലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമതല്‍ രാവിലെ 11 മണിവരെ മാത്രമെ തുറക്കൂ. ഇവിടെ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്ക്കാന്‍ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്‌സികളും നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ നിന്നും പാര്‍സലുകളും ഹോം ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയില്‍ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിങ് സമിതി യോഗത്തില്‍ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്‍, നഗരസഭാ സെക്രട്ടി അന്‍സല്‍ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.