പാലക്കാട്:മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു.അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരം അട്ടപ്പാടി മുക്കാലിൽ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഏറെക്കാലമായി ഈ പ്രദേശത്ത് നടന്നുവരുന്ന മോഷണങ്ങൾ മധുവാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചത്.തുടർന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും വഴി പോലീസ് ജീപ്പിൽ വെച്ച് രക്തം ഛർദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധുവിനെ നാട്ടുകാർ പിടികൂടുന്നതിന്റെയും ബാഗുകൾ പരിശോധിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.ഇയാൾ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതുപയോഗിച്ച് കൈകൾ രണ്ടും കെട്ടിയ നിലയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.ഇതിൽ നാട്ടുകാർ ചിലർ സെൽഫി എടുക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പോലീസ് കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന ആൾക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.