Kerala, News

28 വർഷത്തെ കാത്തിരിപ്പിന് വിരാമം;സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി;വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്

keralanews trial in sister abhaya murder case completed verdict to be announced on december 22

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു.കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.1992 മാര്‍ച്ച്‌ 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ നിന്നും ഡിസംബര്‍ 22ന്വിധി പറയാന്‍ ഇരിക്കുന്നത്.

Previous ArticleNext Article