തൃശൂർ:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.രണ്ടുപേരുടെയും ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂരിലെ സുരക്ഷ ജയില്‍ സൂപ്രണ്ടിനും വനിതാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി. സ്വപ്ന സുരേഷ് നെഞ്ചുവേദനയെ തുടര്‍ന്നും റമീസ് വയറുവേദനയെ തുടര്‍ന്നുമാണ് ആശുപത്രിയിലെ ചികിത്സ തേടിയത്. ഇരുവരുടെയും ഒരേസമയത്തുളള ആശുപത്രിവാസം വിവാദമായതോടെയാണ് ജയില്‍ മേധാവി വിശദവിവരങ്ങള്‍ തേടിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വീണ്ടും നെഞ്ചുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വപ്നക്ക് പിന്നാലെ റമീസിനെ ഇന്നലെയാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതാണ് റമീസിനെ ആശുപത്രിയിലാക്കാന്‍ കാരണം. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.
–