യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.
പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്ക്കുന്ന വന്മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്ന്നുനില്ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ വിലയിരുത്തൽ.
കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന് വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന് വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.
