Kerala, News

ബസുകള്‍ക്ക് നികുതി ഇളവ് നൽകി ഗതാഗതവകുപ്പ്; നികുതി കുടിശിക അടയ്ക്കാന്‍ സാവകാശം

keralanews transport department give tax excemption for buses

തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ്. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.നികുതി കുടിശ്ശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. എല്ലാ വിധത്തില്‍പെട്ട വാഹന ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കുടിശ്ശിക മാര്‍ച്ച്‌ 20 മുതല്‍ ആറ് മാസ തവണകളായി അടയ്ക്കാം. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കുടിശ്ശിക തുക മാര്‍ച്ച്‌ 20 മുതല്‍ എട്ട് മാസ തവണകളായും രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള കുടിശ്ശിക തുക പത്ത് മാസ തവണകളായും അടയ്ക്കാം.നാല് വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക അടച്ച്‌ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി അടയ്ക്കാം.

Previous ArticleNext Article