കണ്ണൂർ:വീടുകളിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്ക്കരണത്തിനുമായി നിയോഗിക്കപ്പെട്ട കർമസേനയുടെ പരിശീലനം പൂർത്തിയായി. കുടുംബശ്രീ മിഷനാണ് ഇവർക്ക് പരിശീലനം നൽകിയത്.ജില്ലയിൽ 1428 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഹരിതകർമ സേനാംഗങ്ങളായിട്ടുള്ളത്. സേനാംഗങ്ങൾ വീടുകളിൽ നേരിട്ടെത്തി അജൈവമാലിന്യം ശേഖരിച്ച് പഞ്ചായത്തുതല ശേഖരണ കേന്ദ്രങ്ങളിലെത്തിച്ച് തരംതിരിക്കും. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി യൂസർഫീ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫീസ് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിക്കും. നിശ്ചയിച്ചിരിക്കുന്ന ഫീസ്,മാലിന്യം ശേഖരിക്കാൻ എത്തുന്ന തീയതി തുടങ്ങിയ കാര്യങ്ങൾ വീട്ടുടമകളെ നോട്ടീസ് മുഖാന്തരമോ ഗ്രാമസഭ വഴിയോ അറിയിക്കണം.തരം തിരിക്കുന്ന അജൈവപഥാർത്ഥങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ളീൻ കേരള കമ്പനിക്ക് കൈമാറും.പ്ലാസ്റ്റിക്ക് ബാഗുകൾ പോലുള്ളവ പൊടിച്ച് റോഡ് നിർമാണത്തിനായി ഉപയോഗിക്കും.ജില്ലയിൽ ഇതിനോടകം 12800 കിലോ പ്ലാസ്റ്റിക് ഇത്തരത്തിൽ റോഡ് ടാറിടാനായി കൈമാറിയിട്ടുണ്ട്.ജില്ലയിൽ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ അജൈവമാലിന്യ ശേഖരണം തുടങ്ങിയിട്ടുണ്ട്.