India, News

ചാനല്‍ നിരക്കുകള്‍ ട്രായ് വീണ്ടും കുറച്ചു;മാസം 160 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ

keralanews trai reduced channel rates 200 free channels for 160 rupees
ന്യൂഡൽഹി:ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച്‌ ട്രായ്. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി നല്‍കേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ലഭിക്കും.മാര്‍ച്ച്‌ ഒന്നുമുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍വരുന്നത്. മുൻപ് 25 ദൂരദര്‍ശന്‍ ചാനലുകളടക്കം നൂറുചാനലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അപ്പോള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നത് 75 ചാനലുകള്‍ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ ഇനി തിരഞ്ഞെടുക്കാം.ബൊക്കെയില്‍ (ഒന്നിച്ച്‌ തരുന്ന) വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാനും പാടില്ല. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്സ് ചാനലുകള്‍ക്കും മറ്റും വിലകുറച്ച്‌ അവ ഒറ്റയ്ക്ക് നൽകുമ്പോൾ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകള്‍മാത്രമേ ഇനി ബൊക്കെയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നും പറയുന്നു.ആറുമാസത്തേക്കോ അതിലധികമോ ഒന്നിച്ച്‌ വരിസംഖ്യയടയ്ക്കുന്നവര്‍ക്ക് നിരക്കില്‍ കിഴിവ് നല്‍കാനും ട്രായ് അനുവദിച്ചിട്ടുണ്ട്.ചാനലുകള്‍ ഡി ടി എച്ച്‌, കേബിള്‍ ടിവികളുടെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി തീര്‍ച്ചപ്പെടുത്തി. ചാനലുടമകളുടെ നീണ്ടകാലത്തെ പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. ടെലിവിഷനില്‍ നല്‍കുന്ന ചാനല്‍ ഗൈഡുകളില്‍ ഓരോ ഭാഷയിലും ഉള്‍പ്പെട്ട ചാനലുകള്‍ അടുത്തടുത്തുതന്നെയാവണമെന്നും നിര്‍ദേശമുണ്ട്.
Previous ArticleNext Article