
വളപട്ടണം: ദേശീയപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ടോൾ ബൂത്തിനും വളപട്ടണം പാലത്തിനും ഇടയിൽ കോട്ടക്കുന്നിലാണ് കനത്ത മഴയിൽ തണൽമരം കടപുഴകി വീണത്. കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് രാത്രി പത്തുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് വൈദ്യുതി ബന്ധവും തകരാറിലായി. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയതെരു, മയ്യിൽ വഴിയും തളിപ്പറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങളെ ധർമശാല, പറശിനിക്കടവ്,കമ്പിൽ വഴിയും തിരിച്ചുവിടുകയായിരുന്നു.