കോഴിക്കോട്: ലോക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു.കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്.ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല.തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികളുമായി മടങ്ങാം എന്ന കരാറുകാരുടെ ഉറപ്പിന്മേലാണ് ബസുകള്‍ യാത്ര തിരിച്ചത്.എന്നാല്‍ ഇതിന് പിന്നാലെ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും അസമിലെ നിയന്ത്രണങ്ങളും കാരണം മടക്ക യാത്ര വീണ്ടും നീണ്ടു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് നേരിട്ടത്. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും തിരികെ കൊണ്ടു വരാന്‍ കാര്യമായ ഇടപെടല്‍ ഒന്നും നടത്തിയിട്ടില്ല.