പാലക്കാട്: വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞ് 9 മരണം.അൻപതോളം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് ബസ് ജീവനക്കാരും ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നു.മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളാണ്. മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരും. ഒരാൾ അദ്ധ്യാപകനുമാണ്. എൽന ജോസ്(15), ക്രിസ്വിന്റ്(16), ദിവ്യ രാജേഷ് (16), അഞ്ജന അജിത്ത്(16), ഇമ്മാനുവൽ(16) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. കെഎസ്ആർടിസി യാത്രക്കാരായ ദീപു(25), അനൂപ്(24), രോഹിത്ത്(24) എന്നിവരും മരിച്ചു. അദ്ധ്യാപകനായ വിഷ്ണുവും(33) അപകടത്തിൽ മരിച്ചു.കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനു പുറകിൽ ഇടിച്ചത്.അപകടസമയത്ത് മഴയുണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ ഉൾപ്പെടെ പുറത്തെടുത്തത്. അപകട കാരണം അമിതവേഗം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് ചതുപ്പിലേക്ക് മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത് പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലും ആലത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി.
Kerala, News
വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞു; 9 മരണം
Previous Articleകോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി; പയ്യാമ്പലത്ത് അന്ത്യനിദ്ര