ന്യൂഡൽഹി :ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷ പുറത്തിറങ്ങുന്നത്.കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചത്.റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല.നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ചോദ്യം ചെയ്തു.കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണ് ഈ ടൂള്‍കിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.