ഇന്ന് നവംബർ ഒന്ന്.കേരളപ്പിറവി ദിനം.1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചു സംസ്ഥാനം രൂപീകൃതമായത്.സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കാം.1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. പരിഷ്‌കരണത്തിന്‍റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം.നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി കൂട്ടുപിടിച്ചത് പ്രവാസജീവിതത്തെ. മറ്റൊരു പ്രത്യേകത കേരളത്തിലെ സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയായത്.സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നു.അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം പുതുകേരളം നിർമ്മിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മലയാളികൾ.ഏവർക്കും കേരളപ്പിറവി ആശംസകൾ.