ഇന്ന് അംബേദ്കര്‍ ജയന്തി. Educate, Agitate, Organize (പഠിക്കുക, പോരാടുക, സംഘടിക്കുക) എന്നീ മുദ്രാവാക്യങ്ങളാണ് അംബേദ്കര്‍ ലോകത്തിന് നല്‍കിയത്. ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനുമെതിരെ സംസാരിക്കുമ്പോള്‍ അംബേദ്കര്‍ ഭീഷണികളെ ഭയന്നിരുന്നില്ല. അപഹസിക്കപ്പെട്ടുകൊണ്ട് ഹിന്ദുമതത്തില്‍ തുടരുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദുമതത്തില്‍ തുടരാന്‍ തയ്യാറല്ലെന്നും അറിയിച്ചുകൊണ്ട് ബുദ്ധമതം സ്വീകരിച്ചതോടെ, ബുദ്ധമതം അധസ്ഥിതരെ ഉള്‍ക്കൊള്ളുന്ന മതമാണെന്ന തിരിച്ചറിവോടെ ‘പ്രബുദ്ധരാകുക’ എന്ന ആശയവും നടപ്പിലാക്കാന്‍ അംബേദ്കറിന് കഴിഞ്ഞു.
ഹിന്ദു ദേശീയതയെ നേരിടാന്‍ ശക്തമായ പ്രത്യയശാസ്ത്രമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത്. ജീവന് യാതൊരുറപ്പുമില്ലാതെ ദലിതര്‍ ഭയത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുല സ്വപ്‌നം കണ്ടത് അംബേദ്കര്‍ വിഭാവനം ചെയ്ത ലോകമാണ്. രോഹിത് തുടങ്ങിവെച്ച മുന്നേറ്റം ഇപ്പോഴും അധസ്ഥിതവിഭാഗങ്ങളെ സ്വാഭിമാനത്തെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.