കണ്ണൂർ:പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.പൂവിളികളും ഓണപ്പാട്ടുകളുമായി ഇനി മലയാളികൾക്ക് ഓണക്കാലം.മലയാളികളുടെ വസന്ത കാലമാണ് ഓണക്കാലം.പൂവിളികളും ഓണത്തുമ്പിയും,ഊഞ്ഞാലാട്ടവും,പുലികളികളും സദ്യവട്ടവുമായി ഇനി പത്തുനാളുകൾ സന്തോഷത്തിന്റെ ഉത്സവ ദിനങ്ങൾ.അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം.പൂരാടം രണ്ടു ദിവസങ്ങളിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.പൂക്കളമിടലാണ് ഇനി കുട്ടികളുടെ പ്രധാന വിനോദം.വീട്ടു മുറ്റങ്ങളിൽ നിന്നും വിദ്യാലയങ്ങൾ,സർക്കാർ ഓഫീസുകൾ , സ്വകാര്യ സ്ഥാപനങ്ങൾ ,തുടങ്ങി പൊതു നിരത്തുകൾ വരെ പൂക്കളങ്ങൾക്ക് വേദിയാകുന്നു. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന് നടക്കും. വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടൊയായി കൊച്ചി രാജാവ് തൃക്കാക്കര വാമന മൂർത്തിയെ ദർശിക്കൻ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര.പരിവാര സമേതം പല്ലക്കിൽ പോകുന്ന രാജാവിനെ കാണാൻ ഹിൽപാലസ് കൊട്ടാരം മുതൽ തൃക്കാക്കര വരെയുള്ള പാതയോരങ്ങളിൽ ജനങ്ങൾ കാത്തു നിൽക്കുമായിരുന്നു.അതിന്റെ ഓർമയാണ് ഇന്നും നടക്കുന്ന അത്തം ഘോഷയാത്ര.