തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഇന്നും സംസ്ഥാനത്ത് തുടരാന്‍ സാധ്യത.കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്ത:സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തുന്നത് തടസ്സപ്പെട്ടതിനാല്‍ ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതൽ രാത്രി പത്തുമണിവരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഇന്നലെ ഏർപ്പെടുത്തിയിരുന്നത്. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗഞ്ജം, ഗജപതി ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാവും പൂര്‍ണ്ണമായി താറുമാറുകയും ചെയ്തിട്ടുണ്ട്.ലൈനുകൾ നേരയായില്ലെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.