ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.