
കൂത്തുപറമ്പ്:ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കാര്യാട്ടുപുറം കൊളത്തുപറമ്പിലാണ് അപകടം.കരിങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി ക്വാറിക്ക് സമീപത്തെ ദുർഘടമായ റോഡിലൂടെ പോകുമ്പോൾ തലകീഴായി വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. കുന്നുംബ്രോൻ ശാന്തയുടെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്.വീട്ടിൽ ശാന്തയുടെ മരുമകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു.സാധാരണയായി കുട്ടികൾ കളിക്കാറുള്ള സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്.ഇന്നലെ മഴയായതിനാൽ കുട്ടികൾ വീടിനു പുറത്തിറങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ നരവൂർ സ്വദേശി രാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ രാജനെ അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് പുറത്തെടുത്തത്.