മാനന്തവാടി: വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം.കാവേരി പൊയിൽ കോളനിയോട് ചേർന്ന വയലിന് സമീപത്താണ് പ്രദേശവാസികൾ കടുവയുടെ കാൽപാട് കണ്ടെത്തിയത്. കൂടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ കഴിഞ്ഞദിവസം അഴിച്ചുമാറ്റിയിരുന്നു.പിന്നാലെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം ജീവനക്കാർ കാൽപാട് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിൽ സ്ഥാപിച്ച രണ്ടു കാമറ ട്രാപ്പുകൾ പരിശോധിച്ചു.ഇതിൽ ഒരു കാമറയിൽ വ്യാഴാഴ്ച രാത്രി 9.45ന് കടുവ വനമേഖലയിൽനിന്ന് വയൽകടന്ന് മറ്റൊരു വനത്തിലേക്ക് കടക്കുന്നതും ആറു മിനിറ്റിനുശേഷം വന്ന ഭാഗത്തേക്ക് തന്നെ തിരികെ പോകുന്ന ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. ആരോഗ്യമുള്ള കടുവയാണ് ക്യാമറയിൽ പതിഞ്ഞത്.കഴുത്തിൽ മുറിവുകൾ കാണാനുമില്ല.കുറുക്കൻമൂലയിൽ നിരന്തര ആക്രമണം നടത്തിയ കടുവയല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.