വയനാട്: കുറക്കൻമൂലയിലെ കടുവാ വേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായ സംഭവത്തിൽ മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്.വിപിൻ വേണുഗോപാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസിന്റെ നടപടി. ഇന്നലെ രാവിലെ പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വിപിൻ വേണുഗോപാൽ തർക്കത്തിലേർപ്പെട്ടിരുന്നു.രാത്രി 12.30 ഓടെ പ്രദേശത്ത് കടുവയെ കണ്ടെത്തിയത് അറിയിച്ചിട്ടും ഒരു ബീറ്റ് ഓഫീസറും ഡ്രൈവറും മാത്രമാണ് സ്ഥലത്ത് എത്തിയത്. വിപിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് എല്ലാ വീടുകളിലും മുന്നറിയിപ്പ് നൽകിയത്. ഇത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിലേക്ക് നീണ്ടത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 ദിവസമായി ഇവിടെ കടുവയെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണ്.മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.അതിനിടെ ഇന്ന് രാവിലെയും കുറുക്കൻ മൂല പി.എച്ച്.എസ്.സിക്ക് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.