പത്തനംതിട്ട:സര്‍ക്കാര്‍ സുരക്ഷ നൽകിയില്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയായ തൃപ്തി ദേശായി.സുരക്ഷയ്ക്കായി കേരള സര്‍ക്കാരിനെ സമീപിക്കുമെന്നും എന്നാല്‍ സുരക്ഷ ലഭിച്ചില്ലെങ്കിലും ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്.നവംബര്‍ 20ന് ശേഷമുള്ള ഒരു തീയതിയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്.ഇത്തവണ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതിനോടകം 45ഓളം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.അതേസമയം, തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനം നടത്തണമെന്നുള്ള യുവതികള്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി വരട്ടെയെന്നാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്.യുവതികളെ കടത്തി വിടുന്നില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഇത്തവണയില്ല. എന്നാല്‍ ഏതെങ്കിലും യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയാനായി ബിജെപിയും ശബരിമല കര്‍മ്മ സമിതിയും കോപ്പു കൂട്ടുന്നുണ്ട്.