
കൊച്ചി:ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പ്രതിഷേധം കാരണം പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന് പുറത്ത് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.നേരം പുലര്‍ന്നതോടെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയാണ്. തൃപ്തിയേയും കൂട്ടരെയും ഹോട്ടലിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ല. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്.തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതേസമയം വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയെ കൊണ്ടു പോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചു.വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.തൃപ്തി ദേശായിയെ പുറത്തേക്ക് പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ കൊണ്ടുപോയാൽ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.വിമാനത്താവളത്തില്‍ നിന്ന് പോകാനായി തൃപ്തിയും സംഘവും വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് ഇത് തള്ളിയിരുന്നു.