കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. എൽഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയിരിക്കുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണമാരംഭിക്കും.നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിയോടൊപ്പം പതിനായിരം രൂപ വീതം നൽകിയെന്നാണ് പരാതി. കോഴപ്പണമായി ലഭിച്ച പണമാണ് ഇവർ വിതരണം ചെയ്തതെന്നാണ് ആരോപണം.ചെയർപേഴ്‌സൺ രാജിവെക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തുകയായിരുന്നു.