Kerala, News

നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു

keralanews three women passengers were robbed on the nizamuddin express by mixing drugs in their food

തിരുവനന്തപുരം: നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു.തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിയായ ഗൗസല്യ എന്നിവരാണ് കവർച്ചയ്‌ക്കിരയായത്.ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതയായ നിലയിൽ റെയിൽവേ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായാണ് പരാതി. ഗൗസല്യയുടെയും സ്വർണ്ണമാണ് കവർച്ച ചെയ്തത്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട് . സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്‌നാട്ടിലും കേരളത്തിലും ആർപിഎഫ് സംഘം തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കവർച്ചയ്‌ക്കിരയായ മൂന്ന് സ്ത്രീകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.അന്വേഷണത്തിന്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായും ഉണ്ടായിരുന്നത്. കവർച്ചയ്‌ക്കിരയായ വിജയകുമാരി എന്ന സ്ത്രീയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കവർച്ചയ്‌ക്കിരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലും അടക്കം നിരവധി കേസിൽ പ്രതിയായ ആളാണ് അസ്ഗർ ബാദ്ഷാ.ഇയാൾ ആഗ്രയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്.മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാൻ പോയപ്പോൾ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അസ്ഗർ പാഷ ആഗ്ര മുതൽ കവർച്ചയ്‌ക്ക് ഇരയായവരുടെ സീറ്റിനടുത്ത് ഉണ്ടായിരുന്നു. വെള്ളം കുടിച്ച ശേഷമാണ് ബോധരഹിതയായതെന്ന് സ്ത്രീകൾ പറയുന്നുണ്ട്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു.

Previous ArticleNext Article