കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആരാകും മേയര്‍ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.യുഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ച മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കെപിസിസി അംഗം ടി.ഒ. മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ വിജയിച്ചതോടെ ഇവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും നറുക്ക് വീഴുക. മേയര്‍സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ ജാഗ്രതയോടെയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കരുനീക്കം നടത്തിയത്. എല്‍ഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ച രാഗേഷിന്‍റെ പിന്തുണയിലായിരുന്നു മൂന്നരവര്‍ഷം എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരിച്ചിരുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് രാഗേഷിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവന്നാണ് യുഡിഎഫ് കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിച്ചത്. രാഗേഷ് നിരുപാധികമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത് എന്നതുകൊണ്ടുതന്നെ രാഗേഷിനെ മേയര്‍സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കെ. സുധാകരന്‍ എം.പി ഉള്‍പ്പെടുന്ന ആലിങ്കീല്‍ ഡിവിഷനില്‍ നിന്നാണ് പി.കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടത്. കോര്‍പറേഷനിലെ അനുഭവസമ്പത്ത് നോക്കുമ്പോൾ രാഗേഷിനും ടി.ഒ. മോഹനനും തുല്യ അംഗീകാരമാണ് ലഭിക്കുക. പാര്‍ട്ടിയുടെ പ്രോട്ടോകോള്‍ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലും മാര്‍ട്ടിന്‍ ജോര്‍ജിനും മേയര്‍സ്ഥാനത്തേക്ക് പ്രഥമ പരിഗണനയുണ്ട്.കെ.എസ്.യു ജില്ല പ്രസിഡന്‍റ്, യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒന്നാം ഡിവിഷനായ പള്ളിയാംമൂലയില്‍ നിന്നാണ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കന്നിയങ്കമായിരുന്നു. ചാല ഡിവിഷനില്‍ നിന്നാണ് അഡ്വ. ടി.ഒ. മോഹനന്‍ വിജയിച്ചത്. കെ.എസ്.യുവിലൂടെ തുടക്കം. ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗമാണ്. 34 വര്‍ഷമായി കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ടി.ഒ. മോഹനന്‍ കണ്ണൂര്‍ നഗരസഭയില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.ഉഭയകക്ഷി ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടാമത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗും മേയര്‍ സ്ഥാനം വഹിക്കും. ഈ സാഹചര്യത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി മുസ്ലിം ലീഗിനു ലഭിക്കും. ഈ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് പരിഗണിക്കുന്നത് കസാനക്കോട്ട ഡിവിഷനില്‍നിന്ന് വിജയിച്ച ഷമീമ ടീച്ചറെയാണ്. അത്താണി ആയിക്കര സ്ഥാപനത്തിന്റെയും കസാനക്കോട്ടയിലെ വനിത പുനരധിവാസ കേന്ദ്രമായ സീല്‍ അറ്റ് ഹോമിെന്‍റയും ജനറല്‍ സെക്രട്ടറിയാണ്. ഓർഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജില്ല വൈസ് പ്രസിഡന്‍റ്, മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ആദ്യ വനിത അംഗമാണ്. രണ്ടാമത്തെ കാലാവധിയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനായിരിക്കും.