ബെംഗളൂരു:ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു.തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥ്,ആന്ധ്രാ സ്വദേശിനി അർഷിയാകുമാരി, ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒന്പതുമണിയോടുകൂടി ബെംഗളൂരു നൈസ് റോഡിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്.ബെംഗളൂരു അലൈൻസ് കോളേജിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനികളാണ് മരിച്ച മൂന്നുപേരും. ബന്നാർഘട്ടിൽ നിന്നും കൂട്ടുകാരെയും കൂട്ടി പ്രവീൺ നൈസ് റോഡിലൂടെ വാഹനം ഓടിക്കവേയാണ് അപകടം ഉണ്ടായത്.കാർ ഓടിക്കുന്നതിനിടെ വാഹനത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാർ പലതവണ മലക്കം മറിഞ്ഞ ശേഷം ഒരു പാരപറ്റിൽ ഇടിച്ചാണ് നിന്നത്.തൃശ്ശൂരിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ഗോപിനാഥൻ നായരുടെയും ഷീലയുടെയും മകളാണ് മരിച്ച ശ്രുതി.സഹോദരി സൗമ്യ.