India, International, News

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍

keralanews three scientists including indian scientist abhijit banerjee won nobel prize in economics

സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര്‍ ദുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍കൈ എടുത്തത്. ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്‌തെന്ന് സമിതി വിലയിരുത്തി.കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്.ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1988ല്‍ പി എച്ച്‌ ഡി കരസ്ഥമാക്കി. അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹ സ്ഥാപകനാണ്.നൊബേല്‍ സമ്മാനം പങ്കിട്ട എസ്തര്‍ ദുഫ്‌ലോയാണ് അഭിജിത്തിന്റെ ഭാര്യ.നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ എസ്തര്‍.

Previous ArticleNext Article