
കോതമംഗലം:കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചാത്തമറ്റത്ത് കാക്കുന്നേൽ ശശി,ഭാര്യ ഓമന,മകൻ ശ്രീകൃഷ്ണൻ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിഷദ്രാവകം പോലെ കരുതുന്ന കുപ്പികളും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.ശ്രീകൃഷ്ണനെ കൂടാതെ മൂന്നുപെണ്മക്കളും ശശിക്കുണ്ട്.പാലക്കാട് ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണൻ നാട്ടിലെത്തിയതിനു ശേഷം മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചോറ്റാനിക്കരയിലും മറ്റും തീർത്ഥാടനം കഴിഞ്ഞ ശേഷം ഇന്നലെ വൈകുന്നേരമാണ് ഇവർ വീട്ടിലെത്തിയത്.ശ്രീകൃഷ്‌ണൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബവുമായി വിവാഹ ധാരണയിൽ എത്തിയിരുന്നെങ്കിലും പിന്നീട് വിവാഹകാര്യത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.