പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിതിൻ ദാസ് ഗോവയിലാണ് ജോലി ചെയ്തിരുന്നത്. നിതിനെ കാണാനായി സുഹൃത്തുക്കൾ ട്രെയിൻ മാർഗ്ഗം ഗോവയിൽ എത്തുകയായിരുന്നു. ഇവിടെ കാർ വാടകയ്‌ക്ക് എടുത്ത് വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിക്കുകയും ചെയ്തു. യാത്രകൾക്ക് ശേഷം വിഷ്ണുവിനെ തിരികെ ജോലി സ്ഥലത്തേക്ക് വിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.