തിരുവനന്തപുരം:മണ്‍സൂണ്‍ അന്ത്യപാദത്തോട് എടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.അതിനിടെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങള്‍ക്ക് കളമൊരുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒന്നിനു പിറകെ ഒന്നായാണ് മൂന്നു ന്യൂനമര്‍ദങ്ങള്‍ സജീവമാകുന്നത്.ആദ്യ ന്യൂനമര്‍ദം ഇതിനകം തന്നെ ദക്ഷിണേന്ത്യയില്‍ സജീവമായിട്ടുണ്ട്. ഇതില്‍ രണ്ട് മഴ പ്രേരക ചുഴികളുമുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും.24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.ഇതോടെ അടുത്തമാസവും കനത്ത മഴ തുടരുമെന്നാണ് സൂചന.ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളിന്മേല്‍ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സെപ്റ്റംബര്‍ പകുതിയോടെയാണ് ഉത്തരേന്ത്യയില്‍ നിന്നു മഴയുടെ വിടവാങ്ങല്‍ ആരംഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി മഴ പിന്മാറാന് മടിക്കുന്നു. പാക്കിസ്ഥാനിലെ കനത്ത ചൂടാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്.കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ട്.അതേസമയം മണ്‍സൂണ്‍ തകര്‍ത്ത് പെയ്യുമ്പോൾ അറബിക്കടലില്‍ അളവില്‍ കവിഞ്ഞ ചൂട് നിലനില്‍ക്കുകയാണ്. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ ചൂട് കൂടുന്ന സമുദ്രമാണ് അറബിക്കടല്‍.എന്നാല്‍ ഇതിന് പിന്നിലുള്ള ശാസ്ത്രീയ വശം തേടി ഗവേഷകര്‍ തലപുകയ്ക്കുകയാണ്.പൊതുവേ മണ്‍സൂണിന്റെ തുടക്കത്തില്‍ അറബിക്കടല്‍ ചൂടായിരിക്കും. ഇത് കാരണമാണ് മണ്‍സൂണിനൊപ്പം ന്യൂനമര്‍ദ്ദങ്ങളും ഉണ്ടാകുന്നത്. പിന്നീട് മഴയോടെ കടല്‍ തണുക്കും. നിലവില്‍ ഇതിന് വിപരീതമായ സാഹചര്യമാണ് അറബിക്കടലിലുള്ളത്.അറബിക്കടലിലെ താപനം പ്രളയത്തിന്റെ സ്ഥിരീകരിക്കാത്ത കാരണങ്ങളില്‍ ഒന്നാകാം.