കണ്ണൂർ:ജില്ലയിൽ മൂന്നു കെഎസ്എഫ്ഇ ശാഖകൾ അടച്ചുപൂട്ടുന്നു.നഷ്ടത്തിലായതിനെ തുടർന്ന് നടുവിൽ,കാർത്തികപുരം,കീഴ്പ്പള്ളി തുടങ്ങിയ ശാഖകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. നടുവിൽ ബ്രാഞ്ചിന്റെ ഇടപാടുകൾ ശ്രീകണ്ഠപുരം ബ്രാഞ്ചിലേക്കും കീഴ്പ്പള്ളിയുടേത് കരിക്കോട്ടക്കരിയിലേക്കും കാർത്തികപുരത്തേത് ആലക്കോടേക്കും ലയിപ്പിക്കാനാണ് തീരുമാനം.ഓരോ ബ്രാഞ്ചിന്റെയും പ്രവർത്തനത്തിന് ചുരുങ്ങിയത് മാനേജർ,അസി.മാനേജർ, ഓഫീസ് അറ്റെൻഡന്റ്,പാർടൈം സ്വീപ്പർ എന്നീ തസ്തികകളെങ്കിലും വേണം.ഇതിനു പുറമെ ഓഫീസ് വാടക,കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ,എന്നിവയും ഉണ്ടായിരിക്കണം. ഇതിനായി ലക്ഷങ്ങൾ ചിലവ് വരുന്നു എന്ന് പറഞ്ഞാണ് ബ്രാഞ്ചുകൾ പൂട്ടാൻ ഒരുങ്ങുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ തുടങ്ങിയതാണ് ബ്രാഞ്ചുകൾ നഷ്ടത്തിലാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ലാഭത്തിലാക്കാൻ കഴിയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.അയൽക്കൂട്ടങ്ങളും ആരാധനാലയങ്ങളും ഒക്കെ ചിട്ടിയുമായി രംഗത്ത് വന്നതും ഗ്രാമപ്രദേശങ്ങളിൽ കെഎസ്എഫ്ഐയെ നഷ്ടത്തിലാക്കിയിട്ടുണ്ട്.