Kerala, News

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവർ

keralanews three from kerala confirmed corona are travelling from china in same flight

തിരുവനന്തപുരം:കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവരാണെന്ന് റിപ്പോർട്ട്.തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നത്.മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവരാണ്.മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ഇതിന്റെഭാഗമായി മെഡിക്കല്‍ കോളേജിനുപുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം.രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാം സ്രവപരിശോധനാ ഫലവും പോസിറ്റീവ്. മൂന്നുദിവസം മുൻപ് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളിന്റെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഈ കുട്ടി ഇപ്പോഴുള്ളത്.

Previous ArticleNext Article