Kerala, News

പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

keralanews three excise officials arrested in pavaratti custody death case

തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ കേസുമായി ബന്ധപ്പെട്ട്  അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം.സ്മിബിന്‍, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതതിരെ വെള്ളിയാഴ്ച പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുൻപേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Previous ArticleNext Article