ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും പതിനഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാര്‍വാഡ് ജില്ല ആശുപത്രിയിലും രണ്ടുപേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിെന്‍റ ആദ്യ രണ്ടു നിലകളില്‍ വാടകക്ക് കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നിലകളില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ഇതിനാല്‍ കടകളിലുള്ളവരും ഷോപ്പിങ്ങിനെത്തിയവരും നിര്‍മാണത്തൊഴിലാളികളുമടക്കം നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടത്തിനടിയില്‍പെട്ടു.20 ആംബുലന്‍സ്, നാല് എക്സ്കവേറ്ററുകള്‍, മൂന്ന് ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച് പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ധാര്‍വാഡില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂണിറ്റ് ബി.എസ്.എഫ് ജവാന്മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ കെട്ടിടപരിസരത്ത് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.