തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കുതിച്ചുയരുന്നു.ഞായറാഴ്ച മാത്രം സൂര്യതാപമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു.പത്തുപേർക്ക് സൂര്യതാപമേറ്റു. തിരുവനന്തപുരം,കണ്ണൂർ,പത്തനംതിട്ട എന്നിവിടങ്ങളിലാണ് മൂന്നുപേർ മരിച്ചത്.ഞായറാഴ്ച കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ,മലപ്പുറം,കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും സൂര്യതാപമേറ്റു.പത്തുദിവസത്തിനിടെ 111 പേർക്ക് സംസ്ഥാനത്ത് സൂര്യതാപമേറ്റു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.വരും ദിവസങ്ങളിലും ചൂട് കൂടും എന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരിക്കാവിള ആവണിയിൽ കരുണാകരൻ(43),കണ്ണൂർ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ(67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ ഷാജഹാൻ(55) എന്നിവരാണ് മരിച്ചത്.
പാടത്ത് പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു കരുണാകരൻ.അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.കാടൻവീട്ടിൽ നാരായണനെ വീടിനു സമീപത്തെ പാറപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ കാലിലുൾപ്പെടെ പലഭാഗത്തും പൊള്ളിയനിലയിലായിരുന്നു.മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഷാജഹാൻ.അവശനിലയിലായ ഇദ്ദേഹത്തെ പോലീസെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.