കൊച്ചി:തുണിക്കടകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഇനി ധൈര്യമായി ഇരിക്കാം.ഇത് സംബന്ധിച്ചുള്ള കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ പുതിയ ഭേദഗതികൾ തൊഴിൽ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.ഇവ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതിനു ശേഷം നിയമസഭ പരിഗണിക്കും.സ്ത്രീകളുടെ ജോലി സമയങ്ങളിൽ മാറ്റമുൾപ്പെടെയുള്ള ഭേതഗതികളാണ് ആക്റ്റിൽ വിഭാവനം ചെയ്യുന്നത്.രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്.ഇത് ഒന്പതുമണിവരെയാക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്താൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.രാത്രി ജോലികളിൽ സ്ത്രീകളെ ഒറ്റയ്ക്ക് നിയോഗിക്കാതെ കൂട്ടമായിട്ട് വേണം ഇവരുടെ ജോലി സമയം ക്രമീകരിക്കാൻ. ജോലി സ്ഥലത്തു നിന്നും സുരക്ഷിതമായ യാത്ര സൗകര്യവും ഒരുക്കണം. വേണമെങ്കിൽ താമസ സൗകര്യവും ഉറപ്പു വരുത്തണം.ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജീവനക്കാർ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. മിനിമം വേതനം ഉറപ്പുവരുത്താനും നടപടികളുണ്ടാകും.മിനിമം വേതനം സംബന്ധിച്ച് പരാതിയുയർന്നാൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് ഇടപെടാം.പണം ലഭിക്കാനുള്ള സാഹചര്യങ്ങളിൽ റെവന്യൂ റിക്കവറി വഴി ഇത് വാങ്ങി നൽകാനും കഴിയും.ഇത്തരം സാഹചര്യങ്ങളിൽ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കാം.