തിരുവനന്തപുരം:രണ്ടു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ വിഹിതം തടയാൻ ഭക്ഷ്യവകുപ്പ് തീരുമാനിക്കുന്നു.റേഷൻ വിഹിതം തടയുമെങ്കിലും ഇവരുടെ റേഷൻ കാർഡുകൾ റദാക്കില്ല.ഇവരുടെ വിഹിതം അർഹതപ്പെട്ടവർക്ക് വീതിച്ചു നൽകാനാണ് തീരുമാനം.ഇത് സംബന്ധിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറക്കും.എന്നാൽ റേഷൻ വിഹിതം ഒരു നിശ്ചിത കാലയളവിലേക്ക് വേണ്ടാത്തവർ അക്കാര്യം രേഖാമൂലം അറിയിച്ചാൽ ആ കാലയളവ് വരെ അവരുടെ റേഷൻ വിഹിതം തടഞ്ഞു വെയ്ക്കുകയും പിന്നീട് പുനഃസ്ഥാപിച്ചു നൽകുകയും ചെയ്യും.സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 1.55 കോടി ജനങ്ങൾക്ക് സൗജന്യമായും 1.21 കോടി പേർക്ക് രണ്ടുരൂപ നിരക്കിൽ സബ്സിഡിയോടു കൂടിയുമാണ് സംസ്ഥാന സർക്കാർ ധാന്യം വിതരണം ചെയ്യുന്നത്.ബാക്കി വരുന്നവർക്ക് 8.90 രൂപ നിരക്കിലാണ് അരി നൽകുന്നത്. അന്ത്യോദയ കാർഡിൽ(മഞ്ഞ) ഉൾപ്പെട്ടവർക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായാണ് നൽകുന്നത്.ഇത് വാങ്ങാത്തവരുടെ വിഹിതം മുൻഗണന വിഭാഗത്തിൽ ഒന്നാമത് നിൽക്കുന്ന കാർഡുടമയ്ക്ക് നൽകും.മുങ്ങാനാവിഭാഗത്തിൽ(പിങ്ക്) കാർഡിലെ ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സർക്കാർ നൽകുന്നുണ്ട് .ഇത് വാങ്ങാത്തവരുടെ വിഹിതം തൊട്ടടുത്ത് പട്ടികയിൽ മുന്നിലുള്ള മുൻഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നൽകും.ഈ വിഭാഗത്തിൽ റേഷൻ വാങ്ങാത്തവരുടെ വിഹിതം പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് നൽകും.പൊതു വിഭാഗത്തില്പെട്ടവരുടെ വാങ്ങാത്ത റേഷൻ സ്കൂൾ,ആശുപത്രി,ജയിൽ എന്നിവർക്ക് നൽകും.