Kerala, News

തോമസ് ചാണ്ടി എംഎൽഎ അന്തരിച്ചു

keralanews thomas chandy m l a passed away

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുട്ടനാട് എംഎല്‍എ ആയിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോട്ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി

Previous ArticleNext Article