തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി എൻഐഎ തിരുവനന്തപുരത്തെത്തിച്ചു.എന്‍ഐഎ രണ്ട് സംഘമായാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്.സ്വപ്നയെ സെക്രട്ടറിയേറ്റിനടുത്തുള്ള ഹെതര്‍ ഫ്ലാറ്റിലാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ചെടുക്കുമ്പോള്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഇവിടെയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട മറ്റ് ചില പ്രതികളും ഹെതര്‍ ഫ്ലാറ്റിലെത്തിയിരുന്നതായി സൂചനയുണ്ട്.ഹെതര്‍ ഫ്ലാറ്റിന് പുറമെ കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലും സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപത്തെ വീട്, മരുതംകുഴിയിലെ വീട്, ഹെതര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.സന്ദീപിനെ ഫെദര്‍ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല.ഉദ്യോഗസ്ഥര്‍ മാത്രം ഇറങ്ങുകയായിരുന്നു. സന്ദീപിനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അതിനിടെ സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സന്ദീപ് നായരുടെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.