തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.നേരത്തേ ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.കേസ് കോടതി മുന്‍പാകെ വരുമ്പോൾ ഇവര്‍ മൊഴിമാറ്റി പറയുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാണ് 164 നിയമപ്രകാരം ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് 30 കിലോയോളം സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസിനൊപ്പം ദേശീയ സുരക്ഷാ ഏജന്‍സിയുടെ കൈകളിലേക്ക് കൂടി എത്തിയതോടെ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ എന്‍.ഐ.എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫിസിലെത്തി കേസിന്‍റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെകുറിച്ച് കസ്റ്റംസ് ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം കൈമാറി. പ്രതികള്‍ക്കെതിരെ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്. അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിക്കുന്നത്.