Kerala, News

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്;സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍

keralanews thiruvananthapuram gold smuggling case gold smuggled as food items

തിരുവനന്തപുരം:ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്ന് റിമാന്‍ഡ് റിപ്പോർട്ട്. യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.പ്രതി സരിത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്‍ അറ്റാഷെയുടെ പേരിലാണ് ബാഗേജ് എത്തിയത്. കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആ‍ർഒ സരിത്തിനെ സഹായിയായി വിളിച്ചു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കാർഗോ ക്ളിയറൻസിനുള്ള പണം നൽകിയത് സരിത്താണ്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്ന് അറ്റാഷെ പറഞ്ഞിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അയക്കുന്ന സാധനങ്ങള്‍ സാധാരണ പരിശോധിക്കാറില്ല. അവയ്ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നത് ഇത് സംബന്ധിച്ച്‌ വിയന്ന കണ്‍വെന്‍ഷനില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അതിനിടെ സരിത്ത് ഉള്‍പ്പെട്ട എട്ട് ഇടപാടുകളെക്കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന.ഇതില്‍ മൂന്ന് ഇടപാടുകളും നടന്നത് ലോക്ഡൗണ്‍ കാലത്താണെന്നാണ് സൂചന. സ്വര്‍ണം കടത്തിയ വകയില്‍ സരിത്തിന് 15 ലക്ഷം രൂപ ലഭിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇടപാട് നടന്നാല്‍ 10 ലക്ഷം രൂപ സ്വപ്‌നയ്ക്കും 15 ലക്ഷം രൂപ സരിത്തിനും ലഭിക്കാറുണ്ടായിരുന്നുവത്രെ. പിടിച്ചെടുത്ത സ്വര്‍ണവും സരിത്തിന്റെ കയ്യലിലുള്ള രേഖകളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്

Previous ArticleNext Article