തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും.മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോണ്‍മെന്റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഈ ഭാഗങ്ങളില്‍നിന്നുള്ള 40 ക്യാമറ ദൃശ്യങ്ങള്‍ പകര്ത്തിത്തുടങ്ങാനും എന്‍.ഐ.എ. പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളില്‍നിന്നുള്ള ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തണമെങ്കില്‍ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്.എന്നാല്‍ ഇതിന്റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംഭരണ സംവിധാനങ്ങള്‍ വാങ്ങാന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.