Kerala, News

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടീ

keralanews thiruvananthapuram gold smuggling case custody period of swapna and sandeep extended

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി.വെള്ളിയാഴ്ച വരെ ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു.പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ടാംപ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതി സരിത്തും എൻഐഎ കസ്റ്റഡിയിലാണുള്ളത്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.സ്വർണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്.കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്. ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

Previous ArticleNext Article